Sunday, September 5, 2010

മനുഷ്യത്വം യുക്തിവാദിക്കോ മതവാദിക്കോ


 എന്‍റെ അഭിപ്രായത്തില്‍ യുക്തിവാദികള്‍ എന്ന് പറയുന്നത് ശാസ്ത്രത്തെ അടിസ്ഥാനമാക്കി യുക്തിക്ക് നിരക്കുന്ന രീതിയില്‍ യാതൊരു മുന്‍വിധികളും ഇല്ലാതെ, മനുഷ്യന്‍ സ്വതന്ത്രനായി വളരണം എന്ന് വാദിക്കുന്നവരാണ്.
 മത വാദികളാവട്ടെ, തന്‍റെ മതം മറ്റുമതങ്ങളില്‍ നിന്നും വരേണ്യമാണെന്ന് അവകാശപ്പെടുകയും  മറ്റു മതസ്ഥര്‍ വഴിതെറ്റിയവര്‍ ആണെന്ന് ആരോപണം ഉന്നയിക്കുകയും  ചെയ്തുകൊണ്ട്  എല്ലാവരും തങ്ങളുടെ വഴിയെ വരണമെന്നും വാദിക്കുന്നു. 

ഞാന്‍ ഒരു യുക്തിവാദിയോ മതവാദിയോ അല്ല. വേഷംകെട്ടുന്നത് ഒരു അധ്യാപകന്‍റെ ആണെങ്കിലും ഇപ്പോഴും ഒരു വിദ്യാര്‍ത്ഥി തന്നെ. എന്നാല്‍ വായനയിലൂടെയും പഠനത്തിലൂടെയും കിട്ടിയ ചരിത്രബോധവും, സമകാലിക സംഭവങ്ങളെ വിലയിരുത്തുന്നതില്‍നിന്നും കിട്ടുന്ന തിരിച്ചറിവും, വ്യത്യസ്തമായ ഭാഷയും സംസ്കാരവും വിശ്വാസങ്ങളുമുള്ള മനുഷ്യരുടെ കൂടെ ജീവിച്ചതില്‍ നിന്ന് കിട്ടിയ അനുഭവവും ചേര്‍ന്ന് രൂപപ്പെട്ട എന്‍റെ നിലപാടില്‍നിന്ന് പറയെട്ടെ യുക്തിവാദികളോട് എനിക്ക് ഇഷ്ടവും ബഹുമാനവുമാണെങ്കില്‍ മതവാദികളെ  ഭയമാണ്.


ജീവിതത്തില്‍ ആദ്യമായി യുക്തിവാദികളെ പരിചയപ്പെടുന്നത് ഒന്‍പതാം തരത്തില്‍ പഠിക്കുമ്പോളാണ്. ഒരു നാടകരൂപേണ അവര്‍ തങ്ങളുടെ കാഴ്ചപ്പാട് ഞങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. ഞങ്ങളിലേക്കെത്തിയ സന്ദേശം ഇതായിരുന്നു. “കുഞ്ഞുങ്ങളേ സമൂഹം നിങ്ങളെ ക്രിസ്ത്യനെന്നും ഹിന്ദുവെന്നും,മുസ്ലിമെന്നും വിളിക്കുന്നുണ്ടാവാം. പക്ഷേ ഓര്‍ക്കുക നമ്മളെല്ലാം മനുഷ്യരാണ്, നമ്മളിലൂടെ ഒഴുകുന്ന രക്തത്തിനു ഒരേ  നിറമാണ്. നമ്മള്‍ സഹോദരങ്ങളാണ്. അറിവാണ് സത്യം. അറിവ്‌ തേടലാണ് ജീവിതം. അറിവിന്  അതിരുവയ്ക്കുവാന്‍ ആരെയും അനുവദിക്കരുത്. നമ്മുടെ സ്വാതന്ത്ര്യം ഒന്നിനും അടിമപ്പെടുത്തരുത്.”

അവര്‍ ഇങ്ങനെ പാടി;
“നേരം വെളുത്തന്നു പറഞ്ഞത് മഠയന്‍ പക്ഷി
നേരം വെളുത്തില്ലെന്നുരച്ചത് മടിയന്‍ പക്ഷി”
മഠയനോ മടിയനോ ആവരുതെന്നു പറഞ്ഞ് അവര്‍ പോയി.


അതിനു ശേഷം ജീവിത യാത്രയില്‍ പലരേയും കണ്ടുമുട്ടി. എന്‍റെ കൂടെ ഭുട്ടാനില്‍ ജോലി ചെയ്ത കാനഡക്കാരന്‍  ബുച്ചറഡ് ട്ടിലോര്‍ അടക്കം ഒരുപാട് യുക്തിവാദികളെ. ഇവരെല്ലാവരും സ്വതന്ത്ര ചിന്താഗതിക്കാരും മനുഷ്യത്വത്തിനും മാനവികതയ്ക്കും സാഹോദര്യത്തിനും  വേണ്ടി  നിലകൊള്ളുന്നവരാണെന്നും എനിക്ക്  മനസ്സിലാക്കാനായി. പക്ഷേ ഇവരെക്കാള്‍ എത്രയോ കൂടുതല്‍ മതവാദികളെ  ഞാന്‍ പരിചയപ്പെട്ടു. അവരിലേറെയും തന്‍റെതായ   മതവിശ്വാസങ്ങള്‍ക്കും  പ്രമാണങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി മാത്രം ജീവിക്കുന്നവരായി എനിക്കനുഭവപ്പെട്ടു.

ലോകത്തോരിടത്തും യുക്തിവാദത്തെ എതിര്‍ത്തതിന്‍റെ പേരില്‍ ആരെങ്കിലും അക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്തതായി എന്‍റെ അറിവിലില്ല.(കമ്യുണിസത്തെ യുക്തിവാദമായി കൂടിക്കെട്ടരുത് ) എന്നാല്‍  മതത്തിന്‍റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം ചോരപുരണ്ടതായി എനിക്ക് കാണാം. ഒരു മതവാദിയുടെ ചിരിയും, സൗഹൃദവുമെല്ലാം അവന്‍റെ മതത്തെ വിമര്‍ശിക്കാതിരിക്കുന്നിടം വരെയേ ഉണ്ടാകുകയുള്ളൂയെന്നും, വിമര്‍ശിച്ചാല്‍ അവന്‍റെ വാള്‍ എന്‍റെ കഴുത്തിനു നേരെ വരുമെന്നുമുള്ള തിരിച്ചറിവ് എന്‍റെ മനസ്സില്‍ എല്ലായിപ്പോഴുമുണ്ട്. അവസരം കിട്ടിയാല്‍, അവന്‍റെ മുന്നില്‍ അബലനായാല്‍, വിശ്വാസങ്ങള്‍ എന്നിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടും എന്ന് അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നു. ഒരു ഇസ്ലാമിക രാജ്യത്ത്‌  അധ്യാപകനായ  എനിക്ക് പ്രപഞ്ച ഉല്പത്തിയെക്കുറിച്ചോ, പരിണാമത്തെക്കുറിച്ചോ എന്തിനു കൂടുതല്‍ പട്ടിയെക്കുറിച്ചോ പന്നിയെക്കുറിച്ചോ എന്‍റെ കുട്ടികളോട്  ചര്‍ച്ച ചെയ്യാന്‍ പാടില്ല.

ഇവിടെയാണ്‌ എന്‍റെ നാടിനെ, മതനിരപേക്ഷ ഇന്ത്യയെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നത്. പക്ഷേ എന്‍റെ ഈ അഭിമാനത്തിന് ഇനി എത്ര കാലം ആയുസ്സ്‌ ഉണ്ടാകും എന്ന ചോദ്യമാണ് മതവാദികളുടെയും  അവരെ പ്രകീര്‍ത്തിച്ചു പാടുന്ന ശ്രീ  കെ.പി.സുകുമാരന്‍റെയും  മുന്നില്‍  ഞാന്‍ ഉന്നയിച്ചത്‌. പത്ത്‌ പതിനഞ്ച് വര്‍ഷം പുറകോട്ടു നോക്കിയാല്‍ നമ്മുടെ കലാലയങ്ങളില്‍ SFI , KSU എന്നി സംഘടനകള്‍ക്കുമാത്രമേ വിദ്യാര്‍ത്ഥികളുടെ ഇടയില്‍  സ്വാധീനം ഉണ്ടായിരുന്നുള്ളൂ. ഇന്ന് ABVP, MSF, SSF, SIO , CAMPUS FRIEND  എന്നീ വര്‍ഗ്ഗീയ ഫാസിസ്റ്റ്‌ സംഘടനകള്‍ മുഖ്യധാരയിലേക്ക് വന്നു കഴിഞ്ഞു. പുതിയ തലമുറ വളരെ ചെറുപ്പത്തിലെ വര്‍ഗ്ഗീയതയ്ക്ക് അടിമപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ പോക്ക് എങ്ങോട്ട്? ഇവരുടെ മാതൃസംഘടനകള്‍ ഓണസദ്യയും ഇഫ്താര്‍ സദ്യയുമൊക്കെ നടത്തി കപടസാഹോദര്യം എഴുന്നെള്ളിക്കുന്നു. അതിനു ഓശാന പാടാന്‍ കുറെ പുരോഗമനത്തിന്‍റെ വേഷം കെട്ടിയ ബുജികളും. മാറാട്, ചത്തവനും കൊന്നവനും അവരുടെ കുടുംബങ്ങള്‍ക്കും ഇതുപോലെ പല സദ്യകളുടെയും കഥകള്‍ പറയാനുണ്ടാവും. പക്ഷേ വെട്ടാനിറങ്ങുബോള്‍ അതൊന്നും അവര്‍ ഓര്‍ത്തില്ല. പ്രശ്നങ്ങളെ ഉപരിപ്ലവമായി വിലയിരുത്തുകയും മൂല കാരണങ്ങളെ കാണാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹം ദ്വാരങ്ങളുള്ള കപ്പല്‍പോലെയാണ്

Tuesday, August 24, 2010

കിട്ടന്‍റെ തിരിച്ചറിവ് ..ചിന്നന്‍റെയുംകിട്ടന്‍ എന്നാ നായയെ യജമാനന്‍ സ്വതന്ത്രനാക്കുന്നത് എന്നും വൈകുന്നേരം നാലുമണിക്കാണ്. ഏതാണ്ട് ആറുമണി വരെയാണ് പരോള്‍. കിട്ടനെക്കാള്‍ വയസ്സുകൊണ്ട് ഏറെ ഇളയതാണ് അടുത്ത വീട്ടിലെ ചിന്നന്‍. എങ്കിലും അവര്‍ തമ്മില്‍ വലിയ ചങ്ങാതിമാരാണ് കാരണം രണ്ടു പേരുടെയും പരോള്‍ ഒരേ സമയത്താണ്.


അന്ന് പതിവിന്‌ വിത്യസ്തമായി 4.30 കഴിഞ്ഞു കിട്ടന് പരോള്‍ കിട്ടാന്‍. അതിലുള്ള ദേഷ്യം ഒരു ശക്തമായ മുറുമുറുപ്പിലൂടെ പ്രകടിപ്പിച്ചുകൊണ്ടാണ് അവന്‍ കൂടിന് വെളിയിലിറങ്ങിയത്. 


തന്നെ കാത്തിരുന്ന് ചിന്നന്‍ മടുത്തിട്ടുണ്ടാകുമെന്നുകരുതി  അവനോടി ചിന്നന്‍റെ വീട്ടിലേക്ക്. പക്ഷേ ചിന്നനെ അവിടെ കണ്ടില്ല. എങ്കില്‍പിന്നെ മൈതാനത് കാണും. കിട്ടന്‍  അങ്ങോട്ട്‌ പറന്നു. 


അവിടെ കണ്ട കാഴ്ച കിട്ടനെ അത്ഭുതപ്പെടുത്തി.
മൈതാനത്തിന് നടുക്ക് ഒരു പമ്പരം പോലെ നിന്നനില്പില്‍ വട്ടം കറങ്ങുകയാണ് ചിന്നന്‍. കിട്ടാന്‍ ഓടി അവന്‍റെയടുത്തു ചെന്നു ചോദിച്ചു;
“ ഡേയ് ചിന്ന ...നീ എന്തുവാടെ ഈ കാണിക്കുന്നേ?”

ചിന്നന്‍ പരുപാടി തുടര്‍ന്നുകൊണ്ടുതന്നെ പറഞ്ഞു;
“ഞാന്‍ എന്‍റെ വാലിലോന്നു കടിക്കാമോന്നു നോക്കുകയാ”

കിട്ടന്‍; “അതെന്തിന്?”

ചിന്നന്‍; “അതോ...ഇന്നലെ വീട്ടില്‍ വന്ന സ്വാമി പറഞ്ഞു ഒരു നായുടെ പരമാനന്ദം അവന്‍റെ വാലിലാണ് കിടക്കുന്നതെന്ന് .. അപ്പോ ..എനിക്കെന്‍റെ വാലില്‍ കടിക്കാന്‍ പറ്റിയാല്‍ പരമാനന്ദ സുഖിമാനായിത്തിരാം ...അതിനുള്ള പരിശ്രമമാ ഇത് ..ചേട്ടായി  പോയെ ..ശല്യം ചെയ്യാതെ ..”

കിട്ടന്‍; “ഓ അപ്പോ അതാണ് കാര്യം ..ന്‍റെ പോന്നു ചിന്ന ഒന്നു നിര്‍ത്ത്”
കിട്ടന്‍ ചിന്നനെ തട്ടി നിര്‍ത്തിക്കൊണ്ട് പറഞ്ഞു:
“ഡാ ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്”

ചിന്നന്‍ കറക്കം നിര്‍ത്തി കിട്ടന്‍റെ നേരെ അസഹിഷ്ണുതയോടെ നോക്കി: “ങും?”

കിട്ടന്‍: “പണ്ട് ഇതേപോലെ വേറൊരു സ്വാമി എന്നോടും ഇതേ കാര്യം പറഞ്ഞിരുന്നു. അന്ന് ഞാന്‍  കുറെ ശ്രമിച്ചതാ. പക്ഷേ കടിക്കാന്‍ നോകുമ്പോള്‍ എന്‍റെ വാല് എന്നില്‍നിന്ന്  അകന്നു പോകും. എന്നാല്‍ ഞാന്‍ എന്‍റെ പണി നോക്കി പോകുബോഴോ,വാലെന്‍റെ  പുറകെ വരുന്നു. മനസ്സിലായോ?”

ചിന്നന്‍ : “ ഇല്ല”

കിട്ടന്‍ : “അതേയ് ...സുഖം വേണം സുഖം വേണം എന്ന് കരഞ്ഞോണ്ട് നടന്നലൊന്നും  നിനക്ക് സുഖം കിട്ടത്തില്ല ...എന്നാപ്പിന്നെ നീ നിന്‍റെ പണി നോക്കി പോയാലോ സുഖം നിന്‍റെ പുറകെ വരും...ഇപ്പോ മനസ്സിലായോ?”

ചിന്നന്‍: “മും”

കിട്ടന്‍ : “ആര്‍ക്കറിയാം ..മനസ്സിലയോന്നു. ഏതായാലും നീ വാ”

അവര്‍ അടുത്ത പറങ്കിത്തോട്ടത്തിലേക്ക് പാഞ്ഞു......(Note;ഇതൊരു മുത്തശ്ശിക്കഥയാണ് ) 

Saturday, August 21, 2010

ബഹുമാന്യ നേതാവ് മന്‍മോഹന്‍സിങ്ങിന് വേണ്ടി ഒരു വാക്ക്


The Leaders Other Leaders Love: Manmohan Singh
Newsweek


1990-91 ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലം. രാജ്യത്തിന്‍റെ വിദേശ നാണ്യ ശേഖരം രണ്ടാഴ്ചക്കുള്ള ഇറക്കുമാതിയാവശ്യം നേരിടാന്‍ പോലും തികയാത്തരീതിയില്‍ കുറഞ്ഞുപോയിരുന്നു . ലോക രാഷ്ട്രങ്ങളുടെയിടയില്‍  വിശ്വാസ്യത തകര്‍ന്ന്  ആരും കടം നല്‍കാന്‍ പോലും  തയ്യറാകാത്ത നിലവന്നപ്പോള്‍  രാജ്യത്തിന്‍റെ സ്വര്‍ണ  ശേഖരം അന്താരാഷ്ട്ര നാണയ നിധിയല്‍ (IMF) പണയപ്പെടുത്തി വിദേശനാണ്യം നേടണ്ട ഗതികേടുണ്ടായി  അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖ്ര്‍ക്ക്. നമ്മുടെ രാജ്യം അത്തരമൊരു  ഒരു ദുര്‍ഘടവസ്ഥയില്‍  എത്തിനില്‍ക്കുന്ന അവസരത്തിലാണ് 1991  ജൂണ്‍ മാസം അധികാരത്തിലെത്തിയ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി ഡോ. മന്‍മോഹന്‍സിങ്ങ്  നിയമിതനാകുന്നത്. അന്ന് കോണ്ഗ്രസ്സ് പാര്‍ട്ടിയില്‍ പ്രഗല്‍ഭരും പരിചയസമ്പന്നരുമായ പലരുമുണ്ടയിരുന്നിട്ടും രാഷ്ട്രിയത്തില്‍ തികച്ചും പുതുമുഖമായ മന്‍മോഹന്‍സിങ്ങിനെ  ആ ജോലി ഏല്പിച്ച നരസിംഹറാവുവിന്റെ ദീര്‍ഘവീക്ഷണത്തെ പ്രശംസിക്കതിരിക്കനാവില്ല.

ഒരു സിക്കുകാരന്‍റെ സ്വാഭാവികമായ ചങ്കുറപ്പോടെ വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹം പിന്നീടങ്ങോട്ട് ഇന്ത്യയുടെ  സമ്പത്ത് വ്യവസ്ഥയെ പൊളിച്ചു പണിയുകയാണ് ചെയ്തത്. ലൈസെന്‍സിങ്ങ് , റെഗുലഷേന്‍ തുടങ്ങിയ നിയന്ത്രണങ്ങളിലൂടെ കൂച്ചുവിലങ്ങിടപ്പെട്ടിരുന്ന സ്വകാര്യ സംരംഭകര്‍ സ്വതന്ത്രരാക്കപ്പെടുകയും സര്‍ക്കാരിനു കുത്തകയുണ്ടായിരുന്ന പല ഉത്പാദന വിതരണ മേഖലകളില്‍  അവര്‍ക്ക്കൂടി  പ്രവേശനം ലഭിക്കുകയും ചെയ്തു(ഉദാരവത്കരണം-liberalization).  

കെടുകാര്യസ്ഥത(inefficiency) കൊണ്ടും മത്സരബുദ്ധിയില്ലയിമ്മ(non competitiveness) കൊണ്ടും മൃതപ്രായമായ പല പൊതുമേഖലാ സംരംഭങ്ങളെയും  സ്വകാര്യമേഖലയ്ക്ക് കൈമാറി(സ്വകാര്യവത്കരണം-privatization). 
കയറ്റിറക്കുമതി (import and export),വിദേശ നിക്ഷേപം,  രൂപയുടെ വിനിമയം   എന്നീ കാര്യങ്ങളില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പരമാവധി കുറച്ചു കൊണ്ടുവന്ന്  ഇന്ത്യയുടെ വാതിലുകള്‍ ലോക രാഷ്ട്രങ്ങള്‍ക്ക് തുറന്നുകൊടുത്തു(ആഗോളവത്കരണം-globalization).
  വിദേശ മൂലധനവും സാങ്കേതികവിദ്യയും ഇന്ത്യയിലേക്ക് ഒഴുകി. സ്വകാര്യവത്കരണത്തിലൂടെയും വിദേശ വയ്പയിലൂടെയും സ്വരൂപിച്ച പണം റോഡു,റെയില്‍വേ,വിമാനത്താവളം തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിന്‌ വിനയോഗിച്ചു. നമ്മുടെ സംരഭകരുടെയും തൊഴിലാളികളുടെയും ആത്മവിശ്വാസവും കാര്യക്ഷമതയും വര്‍ദ്ധിച്ചു. നിക്ഷേപം വലിയതോതില്‍ വര്‍ദ്ധിക്കുകയും അതൊരു വര്‍ദ്ധിത വരുമാന വളര്‍ച്ചയ്ക്ക് (multiplier effect) കാരണമാവുകയും ചെയ്തു. നിശ്ചലമായ അവസ്ഥയില്‍ (stagnation) നിന്നും ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം വേഗത്തില്‍ വളരാന്‍ തുടങ്ങി.

1996 ല്‍  മന്‍മോഹന്‍സിങ്ങിനു  സ്ഥാനമൊഴിയേണ്ടി വന്നു എങ്കിലും  പിന്നീട് വന്ന സര്‍ക്കാരുകളും അദ്ദേഹത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് പിന്തുടര്‍ന്നത്. 2004ലില്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്തിയ അദ്ദേഹം  തന്‍റെ നയങ്ങള്‍ വിപുലമായ രീതിയില്‍ തുടര്‍ന്നു. പണ്ട് അസംസ്കൃതവസ്തുക്കള്‍ കയറ്റി അയയ്ക്കുകയും സംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യന്ന അവസ്ഥയില്‍ നിന്നും ഇന്ന് ഏതണ്ട് എല്ലാ വസ്തുക്കളും ആഭ്യന്തരമായി തന്നെ ഉത്പാദിപ്പിക്കുന്ന ഒരു രാജ്യ മായിമാറി നമ്മുടേത് . ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ലോക വിപണിയില്‍ നല്ല ഡിമാണ്ട് ലഭിക്കുന്നു. ലോകത്തിലെ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന ഒരുപാടു സാമ്പത്തിക മേഖലകളും സൗകര്യങ്ങളും  നമ്മുടെ നാട്ടിലും വളര്‍ന്നു വന്നു. 2050 താകുബോഴേക്കും  ലോകത്തില്‍  ചൈനയ്ക്ക് താഴെ  രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ  മാറുമെന്നാണ് അടുത്തകലത്തെ പഠനങ്ങള്‍ പറയുന്നത്. ഈ ഒരു സത്യത്തെ നമ്മള്‍ തിരിച്ചറിയുന്നുയെങ്കില്, അതിനു നമ്മള്‍ മന്‍മോഹന്‍സിങ്ങിനോട്  കടപ്പെട്ടിരിക്കുന്നയെങ്കില്  തിര്‍ച്ചയായും ഉത്തരാധുനിക ഇന്ത്യയുടെ (post modern India) ശില്പിയായി  അദ്ദേഹത്തിനെ വിലയിരുത്തുന്നതു തെറ്റാവില്ലയെന്നു വിശ്വസിക്കാം .
ഇക്കാരണംകൊണ്ടുകൂടിയാവാം ന്യൂസ്‌വീക്ക്‌ ലോകത്തിലെ ബഹുമാന്യ നേതാക്കളില്‍ പ്രഥമ സ്ഥാനീയനായി  മന്‍മോഹന്‍സിങ്ങിനെ  തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രിയ, സാംസ്‌കാരിക, മാധ്യമ ലോകം   അദ്ദേഹത്തിനു  എപ്പോഴെങ്കിലും അര്‍ഹിക്കുന്ന പരിഗണന കൊടുത്തിട്ടുണ്ടോ? സോണായ ഗാന്ധി എന്നാ പ്രദര്‍ശന നേതാവിന്‍റെ  (show lady leader) റബ്ബര്‍ സ്റ്റാമ്പ്‌ എന്നാ രീതിയില്‍ മാത്രമല്ലേ  വിലയിരുത്തപ്പെടാറുള്ളൂ. ഫ്യുഡലിസത്തിന്റെ മറ്റൊരു വകഭേദമായ കുടുംബവാഴ്ചയോട് അറപ്പുളവാക്കുന്ന രീതിയിലുള്ള വിധേയത്വവും അടിമത്തവും  കാണിക്കുന്ന വരേണ്യ ഉപജപകരും അവര്‍ക്ക്‌ കൂട്ടികൊടുപ്പുകള്‍ നടത്തുന്ന മാധ്യമ ലോകവും ചേര്‍ന്ന് നിസ്വാര്‍ത്ഥനും കര്‍മ ധീരനുമായ ഒരു അതുല്യ നേതാവിനെ ഇരുട്ടിലേക്ക് മറയ്ക്കുന്നത് വിവേകമുള്ള ഓരോ ഇന്ത്യക്കാരനും തിരിച്ചറിയേണ്ടതുണ്ട്  

Friday, August 20, 2010

ആരാണ് BOTയെ എതിര്‍ക്കുന്നവര്‍?കേരളത്തില്‍ ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ BOT വ്യവസ്ഥയിലുള്ള എക്സ്പ്രസ്സ്‌ ഹൈവേ നിര്‍മാണവും അതിനെതിരെയുള്ള പ്രചാരണവും സമരങ്ങളും.ഒരു കിലോമീറ്റര്‍ എക്പ്രെസ്സ് ഹൈവേ നിര്‍മാണത്തിന് 60 കോടിയോളം രൂപയാണ് ചിലവ്. ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ സര്‍ക്കാരിനു ഇത്രയും വലിയ തുക സ്വന്തം ഖജനാവില്‍ നിന്നും വകയിരുത്തുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എ ഡി ബി യില്‍ നിന്നോ ലോക ബാങ്കില്‍ നിന്നോ കടമെടുത്തു പദ്ധതി  നടപ്പാക്കുന്നു എന്ന് കരുതുക. സര്‍ക്കാര്‍ ടെണ്ടര്‍‍  വിളിച്ചു ഇതൊരു കരാറുകാരനെ ഏല്പിക്കുന്നു. ഏറ്റവും ഭീകരമായ അഴിമതി നടക്കുന്ന ഒരു വകുപ്പാണ് നമ്മുടെ പബ്ലിക്‌ വര്‍ക്സ്. 30 കോടി മുടക്കി പണി തീര്‍ക്കുകയും ബാക്കി 30 കോടി കരാറു കാരനും ഉദ്യോഗസ്ഥന്മാരും കൂടി പങ്കിട്ടെടുക്കുമെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കുംതന്നെ തന്നെ സംശയമുണ്ടാകുമെന്നു തോന്നുനില്ല. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ റോഡു പൊളിഞ്ഞു കുളമാകും എന്നതും ഉറപ്പ്. ഇതിലൂടെ യാത്ര ചെയ്യുന്നവന്‍റെ ഇന്ധന നഷ്ടം സമയനഷ്ടം അത് കൂടാതെ അപകട സാധ്യതയും കൂടിയാല്‍ മൊത്തം നഷ്ടം വളരെ ഭീമമാണ്.


ഇവിടെയാണ് BOT (BUILD OPERATE AND TRANSFER)യുടെ  സാധ്യതയെ നമ്മള്‍ വിലയിരുത്തേണ്ടത്. റോഡു നിര്‍മ്മിച്ച്‌ പത്തുമുതല്‍ നാല്‍പതു വര്‍ഷത്തോളം നടത്തിയതിനു ശേഷം സര്‍ക്കാരിനു കൈമാറുന്ന രീതിയാണിത്.ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നവന്‍ മേല്‍ പറഞ്ഞ കരാറുകാരെനെപോലെ സര്‍ക്കാര്‍ പണം കൊണ്ട് (ജനങ്ങളുടെ പണം) അധികം കൈ നനയാതെ മീന്‍ പിടിക്കുന്നവനല്ല. മറിച്ച സ്വന്തം കൈയില്‍ നിന്ന് പണം മുടക്കുന്നവനാണ്. ഇവിടെ നടുത്തുന്നത് ദീഘകാല നിക്ഷേപമയതിനാല്‍ പണിയുടെ അല്ലെങ്കില്‍ പദ്ധതി നടത്തിപ്പിന്റെ നിലവാരം (QUALITY) നിഷേപകനെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമാണ്. നിലവാരം കുറഞ്ഞാല്‍ നഷ്ട സാധ്യത (RISK) കൂടും. BOT വ്യവസ്ഥയില്‍ നിര്‍മ്മിച്ച ബാംഗ്ലൂര്‍- മൈസൂര്‍ , ബാംഗ്ലൂര്‍ -ഹൈദരാബാദ് റോഡ്‌കളിലൂടെ യാത്ര ചെയ്തതില്‍ നിന്നും മനസ്സിലായ കാര്യം ടോളായി (toll)  നല്‍കിയ പണത്തിനെക്കാളിനേക്കാള്‍ എത്രയോ ഇരട്ടി ഗുണമാണ് ഇന്ധന ലാഭത്തിലൂടെയും സമയ  ലാഭാത്തിലൂടെയും യാത്ര സുഖത്തിലുടെയും ഉപഭോക്താവ്‌ നേടുന്നത്. ഇവിടെ BOT യെ എതിര്‍ക്കുന്നവരുടെ വാദം നിക്ഷേപ ഭീമന്‍മാര്‍ ലാഭംമുണ്ടാക്കുന്നു എന്നതാണ്. നിക്ഷേപം ചെയ്യുന്നവന്‍ ലാഭമുണ്ടാക്കുന്നതില്‍ എന്തു തെറ്റാണുള്ളത്? ലാഭം ഇല്ലായെങ്കില്‍ ആര് നിക്ഷേപത്തിന് തയ്യാറാകും? ഇനിയും സ്വകാര്യ നിക്ഷേപം എതിര്‍ക്കുന്നവര്‍ ഓര്‍ക്കുക നിങ്ങളുടെ എതിര്‍പ്പുകള്‍ മുതലാക്കുന്നവര്‍ സര്‍ക്കാര്‍  ഖജനാവ് കട്ടുമുടിക്കുന്നവരാണ്.

ഇന്ത്യയുടെ ദാരിദ്ര്യം;ദളിതന്‍റെയും മുസ്ലിമിന്‍റെയുംദാരിദ്ര്യം എന്ന ആഗോള പ്രതിഭാസത്തെ പൊതുവേ രണ്ടായി വിഭജിക്കാറുണ്ട് . പരിപൂര്‍ണ ദാരിദ്ര്യം (absolute poverty )എന്നും ആപേക്ഷിക ദാരിദ്ര്യം( relative poverty )എന്നും. ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നീ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെടാതെ പൂര്‍ണ്ണമായ സാമ്പത്തിക അടിച്ചമര്‍ത്തലിനു വിധേയമാകുന്ന അവസ്ഥയാണ്‌ പരിപൂര്‍ണ ദാരിദ്ര്യം. സമൂഹത്തിലെ ഉയര്‍ന്ന വരുമാനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  അവസ്ഥയാണ്‌, ആപേക്ഷിക ദാരിദ്ര്യം. രാജ്യത്തെ ആളോഹരി വരുമാനത്തില്‍നിന്ന്  സര്‍ക്കാര്‍ നിശ്ചയിക്കുന്ന വരുമാന പടിക്ക് (income threshold) താഴെ നില്‍ക്കുന്നവനാണ് ആപേക്ഷിക ദരിദ്രന്‍. വികസിത രാഷ്ട്രങ്ങളില്‍ ഇത്തരത്തില്‍ ഉള്ള ദരിദ്രന്മാരെയേ പൊതുവേ കാണാന്‍ കഴിയു. ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണ ഏഷ്യയിലും ഉപസഹാറ ആഫ്രിക്കയിലും ആണ് പരിപൂര്‍ണ ദാരിദ്ര്യം ഭീകരമായി നിലനില്‍ക്കുന്നത്.

ഒരു രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്നതിനനുസരിച്ചു പരിപൂര്‍ണ ദാരിദ്ര്യം കുറയുകയും ആപേക്ഷിക ദാരിദ്ര്യം കൂടുകയും ചെയ്യുന്നത് കാണാം .ത്വരിതഗതിയിലുള്ള വളര്‍ച്ച നേടുന്നതിനായി കമ്പോള സമ്പദ്‍വ്യവസ്ഥയുടെ സാദ്ധ്യതകള്‍  അനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞ ചൈന, ആഗോളവത്കരണ ഉദാരവത്കരണ നടപടികളിലൂടെ ഇന്ന് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഇതിന്റെ ഫലമായി അവിടെ പരിപൂര്‍ണ ദാരിദ്ര്യം വളരെ വേഗത്തില്‍ കുറയുകയും എന്നാല്‍ ആപേക്ഷിക ദാരിദ്ര്യവും അസമത്വവും വേഗത്തില്‍ വളരുകയും ചെയ്തു.

1990 കളില്‍ ഇന്ത്യയും അതുവരെയുണ്ടായിരുന്ന സോഷ്യലിസ്റ്റ്‌ ചായ്‌വുള്ള സാമ്പത്തിക നയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ആഗോളവത്കരണ ഉദാരവത്കരണ സ്വകാര്യവത്കരണ സത്തകള്‍ ഉള്‍ക്കൊള്ളുന്ന കമ്പോള സമ്പദ്‌വ്യവസ്ഥയോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ഒരു പുതിയ സാമ്പത്തിക നയം നടപ്പിലാക്കി തുടങ്ങുകയും അതുവഴി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍  വളരെ വേഗത്തില്‍ വളര്‍ച്ച നേടി, ഇന്ന്‍   ലോകത്തില എണ്ണപ്പെട്ട സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു.എന്നാല്‍ ചൈനയില്‍ നിന്നും വ്യത്യസ്തമായി ഈ വളര്‍ച്ച ഇന്ത്യയിലെ പരമ ദരിദ്രനെ രക്ഷിക്കുന്നതിനു സഹായകമായില്ല എന്ന വലിയൊരു വൈരുദ്ധ്യം  നമുക്ക് വീക്ഷിക്കാന്‍ കഴിയും. എന്തുകൊണ്ട് സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ ഇന്ത്യയില്‍  പാവപ്പെട്ടവരുടെ ഇടയിലേക്ക് എത്തുന്നില്ല? ഇതിനു ഉത്തരം അറിയണമെങ്കില്‍  ആരാണ് ഇന്ത്യയിലെ ദരിദ്രര്‍ എന്ന് അറിയണം.


110 കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ 26 കോടിയാണ് സര്‍ക്കാരിന്‍റെ കണക്കില്‍ പരമ ദരിദ്രര്‍. ഇതില്‍ 49.5 ശതമാനം ദളിതരും 31ശതമാനം മുസ്ലിംങ്ങളും ബാക്കി 19.5 ശതമാനം മറ്റുള്ളവരും. ഈ 19.5 ശതമാനത്തില്‍ മറ്റു പിന്നോക്കക്കാരെ (OBC) മാറ്റിയാല്‍ സവര്‍ണ്ണര്‍ തുച്ഛം. ചുരുക്കിപ്പറഞ്ഞാല്‍ ഏതാണ്ടു 25 കോടിയോളം വരുന്ന ദളിതരില്‍ 13 കോടിയും  18 കോടിയല്‍ അധികം വരുന്ന മുസ്ലിംങ്ങളില്‍ 9 കോടിയോളവും  ദിവസേന ഒരു ചായയും രണ്ടു പരിപ്പുവടയും പോലും കഴിക്കാന്‍ വകയില്ലാത്തവര്‍ ആണ്.

എന്തുകൊണ്ട് ദളിതരില്‍ ഏറയും പരമദരിദ്രരായി എന്ന ചോദ്യത്തിനുത്തരം വളരെ ലളിതം. ഹൈന്ദവ ജനതയുടെ ഇടയില്‍ നിലനില്‍ക്കുന്ന ഏറ്റവും അപരിഷ്കൃതവും നീചവുമായ ജാതി വേര്‍തിരിവിന്‍റേയും വിവേചനത്തിന്‍റേയും അനന്തരഫലം.വളരെ അധികം പരിഷ്കൃതരായി എന്നഭിമാനിക്കുന്ന മലയാളികളുടെ ഇടയില്‍ പോലും മതവ്യത്യാസമില്ലാതെ ഈ വിവേചനം നിലനില്‍ക്കുന്നു എന്നത് വളരെ വ്യക്തമാണ്. എന്തിനു കൂടുതല്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട പുരോഗമന ഇടതുപക്ഷ  സഹയാത്രികര്‍ പോലും ഉള്ളിന്റെയുള്ളില്‍ തന്‍റെ ജാതി പേരില്‍  അഭിമാനിക്കുന്നവരാണെന്ന് അവരുടെ വാക്കുകളും എഴുത്തും  പുനര്‍വായനയ്ക്ക് വിധേയമാക്കുബോള്‍ നമുക്ക് തോന്നും.ഇത്തരം വിവേചനങ്ങളുടെ ആഴവും പരപ്പും ഏറെ കൂടുതലാണ് മറ്റു സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ . സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും എത്രയോ ദൂരെ  അകറ്റി മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന ദളിതന്  ഉല്പാദനവും വിതരണവും അടങ്ങുന്ന മുഖ്യ വരുമാന രൂപികരണ  സാമ്പത്തിക പ്രക്രിയകളികളുടെ ഉടമസ്ഥാവകാശത്തില്‍ രണ്ടു ശതമാനം പോലും പങ്കാളിത്തം ഇല്ല എന്ന ദാരുണമായ അവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ അടിസ്ഥാന ഉത്പാദനമേഖലയില്‍ 80% ദളിതന്റെയും അധ്വാനം വിനിയോഗിക്കപെടുന്നുണ്ട് എന്നുളള വിരോധാഭാസവും നിലനില്‍ക്കുന്നു.

ഓരോ  വര്‍ഷവും ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് പണമാണ് ദളിതന്‍റെ ഉന്നമനത്തിനായി വിനിയോഗിക്കുന്നത്. ഇതു എവിടെ പോകുന്നു? വയനാട്ടിലെ ഒരു ആദിവാസി കുടുംബത്തിന് വീടുവയ്ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത് 1.5 ലക്ഷം രൂപ. പണവും സ്വാധീനവും  ഉപയോഗിച്ച് വീട് നിര്‍മ്മാണ ജോലി  ഏറ്റെടുക്കുന്ന കരാറുകാരന്‍ പരമാവധി അമ്പതിനായിരം രൂപ മുടക്കി വളരെ ലാഭകരമായി വീട് പോലൊരു സംഭവം നിര്‍മ്മിച്ചു നല്‍കി ബാക്കി ഒരു ലക്ഷവും പോക്കറ്റിലേക്ക് പോകുന്നു. അടുത്ത മഴക്കാലത്ത്‌ വീടിടിഞ്ഞുവീണ് ആദിവാസി പഴയ അവസ്ഥയിലാകുന്നു. ചുരുക്കത്തില്‍ ദളിതനെ പുച്ഛത്തോടെ നോക്കുബോഴും അവന്റെ കഞ്ഞിപാത്രത്തില്‍ നിന്ന്‌ ആര്‍ത്തിയോടെ കട്ട്നക്കികുടിക്കുന്ന സവര്‍​ണ്ണനെ  നമുക്കിവിടെ കാണാം. നിസ്സഹായതയോടെ ഒട്ടിയ വയറുമായി നോക്കിനില്‍ക്കുന്ന ദളിതനെയും.


ബ്രിട്ടീഷ്‌കാരുടെ വരവോടുകൂടി അധികാരം നഷ്‌ടമായ മുസ്ലിങ്ങള്‍ വളരെ പെട്ടെന്ന് തന്നെ  സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം പോയതിനു പ്രധാന കാരണം പുതിയ ഭരണകര്‍ത്താക്കള്‍ കൊണ്ടുവന്ന വിദ്യാഭ്യാസ സാമൂഹിക വ്യവസ്ഥയെ മറ്റു മതക്കരില്‍നിന്നു വ്യത്യസ്തമായി തിരസ്കരിച്ചതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വിഭജനത്തിന്‍റെ പഴിയെല്കേണ്ടിവന്ന ന്യുനപക്ഷമായ ഈ വിഭാഗത്തിനോട് ഭൂരിപക്ഷം സംശയതോടും വിവേചനത്തോടുമാണ് പെരുമാറിയത്. സ്വാതന്ത്ര്യസമരവും വിഭജനവുംമൊക്കെ ഇന്ത്യക്കാര്‍ വളരെ പെട്ടെന്ന് മറന്നെങ്കിലും ഇതിനു ശേഷം ഇന്ത്യയിലും ലോകത്തിന്‍റെ മറ്റു പലഭാഗങ്ങളിലും ഉടെലെടുത്ത ഇസ്ലാംമതതീവ്രവാദവും അതെ തുടര്‍ന്നുണ്ടായ ഇസ്ലാമോഫോബിയയും അത് മുതലെടുത്ത ഹൈന്ദവതീവ്രവാദവും മുസ്ലിങ്ങലോടുള്ള ഭുരിപക്ഷത്തിന്‍റെ സമീപനം തുടരാന്‍ കാരണമായി.
എന്നാല്‍ ഭുരിപക്ഷതിന്റെ സമീപനം എന്തുതന്നെയാണെങ്കിലും ന്യുനപക്ഷത്തിനു പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് പരിപൂര്‍ണ്ണ സംരക്ഷണവും അതോടൊപ്പം ഒട്ടേറെ ആനുകൂല്യങ്ങളും കൊടുക്കുന്ന ഒരു ഭരണഘടനയാണ് ഇന്ത്യയുടേത് എന്നതിന് ആര്‍ക്കുംതന്നെ സംശയമുണ്ടാകുമെന്നു തോന്നുനില്ല. പക്ഷേ ഇതിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കാനായി വളരെ പ്രകൃതവും യഥാസ്ഥിതികവുംമായ ഇസ്ലാം മതത്തിന്റെ ചട്ടക്കൂടുകളില്‍നിന്നു പുറത്തുവരാന്‍ ഭുരിപക്ഷം വിശ്വാസികള്‍ക്കും കഴിഞ്ഞില്ല എന്നതും സത്യമാണ്. പ്രത്യേകിച്ചു മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും അവര്‍ ജോലിക്ക് പോകുന്ന കാര്യത്തിലും വളരെ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നു. പുരുഷനും സ്ത്രീയും കഠിനാധ്വാനം ചെയ്താലും കുടുംബം പുലര്‍ത്താന്‍ പാടുപെടുന്ന കാലമാണെന്ന് ഓര്‍ക്കണം.

ചുരുക്കത്തില്‍ ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം ഇവിടുത്തെ അവികസിതമായ  രാഷ്ട്രീയ സാമുഹ്യവ്യവസ്ഥയാണ് എന്നതാണ്. അല്ലാതെ കമ്പോളവ്ല്‍കരണ ഉദാരവത്കരണ സാമ്പത്തിക നയങ്ങളെ  ചൂണ്ടിക്കാണിച്ചു കാരണം കണ്ടെത്തുന്നവര്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മൂടിവയ്ക്കുവനാണ് ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യേണ്ടത് ?ദളിതന്റെ ഉന്നമനത്തിനായ്‌ സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഉപയോക്താവിന്‍റെ കൈകളില്‍ കൃത്യമായി എത്തുന്നതിനു കുടുംബശ്രീ പോലുള്ള ജനകീയ കൂട്ടായ്മകളുടെ  പ്രവര്‍ത്തന  മേഖലകള്‍ കൂടുതല്‍ വിപുലപ്പെടുത്തെണ്ടതുണ്ട്. ദളിതനെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരായി വളരെ ശക്തമായ നിയമസംവിധാനവും ആവശ്യമാണ്. അതോടൊപ്പം സവര്‍ണ്ണനെ  കുറച്ചു സംസ്കാരസമ്പന്നമായി ചിന്തിപ്പിക്കുവാന്‍ കഴിയുന്ന  വിദ്യാഭ്യാസവും  സാംസ്‌കാരികവുമായ കൂട്ടായ്മകള്‍ വളര്‍ന്നു വരണം.അതുപോലെതന്നെ തീവ്രവാദം ഒരു ചെറിയ ശതമാനം മുസ്ലിങ്ങള്‍ക്ക് മാത്രമാണ് ഉള്ളതെന്ന തിരിച്ചറിവ് ഭുരിപക്ഷത്തിനുണ്ടാകുകയും അതോടൊപ്പം മതത്തിന്‍റെ ചട്ടകൂടുകള്‍ വിട്ടു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ മുസ്ലിംങ്ങള്‍  തയ്യാറാവുകയും വേണം.