Sunday, September 5, 2010

മനുഷ്യത്വം യുക്തിവാദിക്കോ മതവാദിക്കോ


 എന്‍റെ അഭിപ്രായത്തില്‍ യുക്തിവാദികള്‍ എന്ന് പറയുന്നത് ശാസ്ത്രത്തെ അടിസ്ഥാനമാക്കി യുക്തിക്ക് നിരക്കുന്ന രീതിയില്‍ യാതൊരു മുന്‍വിധികളും ഇല്ലാതെ, മനുഷ്യന്‍ സ്വതന്ത്രനായി വളരണം എന്ന് വാദിക്കുന്നവരാണ്.
 മത വാദികളാവട്ടെ, തന്‍റെ മതം മറ്റുമതങ്ങളില്‍ നിന്നും വരേണ്യമാണെന്ന് അവകാശപ്പെടുകയും  മറ്റു മതസ്ഥര്‍ വഴിതെറ്റിയവര്‍ ആണെന്ന് ആരോപണം ഉന്നയിക്കുകയും  ചെയ്തുകൊണ്ട്  എല്ലാവരും തങ്ങളുടെ വഴിയെ വരണമെന്നും വാദിക്കുന്നു. 

ഞാന്‍ ഒരു യുക്തിവാദിയോ മതവാദിയോ അല്ല. വേഷംകെട്ടുന്നത് ഒരു അധ്യാപകന്‍റെ ആണെങ്കിലും ഇപ്പോഴും ഒരു വിദ്യാര്‍ത്ഥി തന്നെ. എന്നാല്‍ വായനയിലൂടെയും പഠനത്തിലൂടെയും കിട്ടിയ ചരിത്രബോധവും, സമകാലിക സംഭവങ്ങളെ വിലയിരുത്തുന്നതില്‍നിന്നും കിട്ടുന്ന തിരിച്ചറിവും, വ്യത്യസ്തമായ ഭാഷയും സംസ്കാരവും വിശ്വാസങ്ങളുമുള്ള മനുഷ്യരുടെ കൂടെ ജീവിച്ചതില്‍ നിന്ന് കിട്ടിയ അനുഭവവും ചേര്‍ന്ന് രൂപപ്പെട്ട എന്‍റെ നിലപാടില്‍നിന്ന് പറയെട്ടെ യുക്തിവാദികളോട് എനിക്ക് ഇഷ്ടവും ബഹുമാനവുമാണെങ്കില്‍ മതവാദികളെ  ഭയമാണ്.


ജീവിതത്തില്‍ ആദ്യമായി യുക്തിവാദികളെ പരിചയപ്പെടുന്നത് ഒന്‍പതാം തരത്തില്‍ പഠിക്കുമ്പോളാണ്. ഒരു നാടകരൂപേണ അവര്‍ തങ്ങളുടെ കാഴ്ചപ്പാട് ഞങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. ഞങ്ങളിലേക്കെത്തിയ സന്ദേശം ഇതായിരുന്നു. “കുഞ്ഞുങ്ങളേ സമൂഹം നിങ്ങളെ ക്രിസ്ത്യനെന്നും ഹിന്ദുവെന്നും,മുസ്ലിമെന്നും വിളിക്കുന്നുണ്ടാവാം. പക്ഷേ ഓര്‍ക്കുക നമ്മളെല്ലാം മനുഷ്യരാണ്, നമ്മളിലൂടെ ഒഴുകുന്ന രക്തത്തിനു ഒരേ  നിറമാണ്. നമ്മള്‍ സഹോദരങ്ങളാണ്. അറിവാണ് സത്യം. അറിവ്‌ തേടലാണ് ജീവിതം. അറിവിന്  അതിരുവയ്ക്കുവാന്‍ ആരെയും അനുവദിക്കരുത്. നമ്മുടെ സ്വാതന്ത്ര്യം ഒന്നിനും അടിമപ്പെടുത്തരുത്.”

അവര്‍ ഇങ്ങനെ പാടി;
“നേരം വെളുത്തന്നു പറഞ്ഞത് മഠയന്‍ പക്ഷി
നേരം വെളുത്തില്ലെന്നുരച്ചത് മടിയന്‍ പക്ഷി”
മഠയനോ മടിയനോ ആവരുതെന്നു പറഞ്ഞ് അവര്‍ പോയി.


അതിനു ശേഷം ജീവിത യാത്രയില്‍ പലരേയും കണ്ടുമുട്ടി. എന്‍റെ കൂടെ ഭുട്ടാനില്‍ ജോലി ചെയ്ത കാനഡക്കാരന്‍  ബുച്ചറഡ് ട്ടിലോര്‍ അടക്കം ഒരുപാട് യുക്തിവാദികളെ. ഇവരെല്ലാവരും സ്വതന്ത്ര ചിന്താഗതിക്കാരും മനുഷ്യത്വത്തിനും മാനവികതയ്ക്കും സാഹോദര്യത്തിനും  വേണ്ടി  നിലകൊള്ളുന്നവരാണെന്നും എനിക്ക്  മനസ്സിലാക്കാനായി. പക്ഷേ ഇവരെക്കാള്‍ എത്രയോ കൂടുതല്‍ മതവാദികളെ  ഞാന്‍ പരിചയപ്പെട്ടു. അവരിലേറെയും തന്‍റെതായ   മതവിശ്വാസങ്ങള്‍ക്കും  പ്രമാണങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി മാത്രം ജീവിക്കുന്നവരായി എനിക്കനുഭവപ്പെട്ടു.

ലോകത്തോരിടത്തും യുക്തിവാദത്തെ എതിര്‍ത്തതിന്‍റെ പേരില്‍ ആരെങ്കിലും അക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്തതായി എന്‍റെ അറിവിലില്ല.(കമ്യുണിസത്തെ യുക്തിവാദമായി കൂടിക്കെട്ടരുത് ) എന്നാല്‍  മതത്തിന്‍റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം ചോരപുരണ്ടതായി എനിക്ക് കാണാം. ഒരു മതവാദിയുടെ ചിരിയും, സൗഹൃദവുമെല്ലാം അവന്‍റെ മതത്തെ വിമര്‍ശിക്കാതിരിക്കുന്നിടം വരെയേ ഉണ്ടാകുകയുള്ളൂയെന്നും, വിമര്‍ശിച്ചാല്‍ അവന്‍റെ വാള്‍ എന്‍റെ കഴുത്തിനു നേരെ വരുമെന്നുമുള്ള തിരിച്ചറിവ് എന്‍റെ മനസ്സില്‍ എല്ലായിപ്പോഴുമുണ്ട്. അവസരം കിട്ടിയാല്‍, അവന്‍റെ മുന്നില്‍ അബലനായാല്‍, വിശ്വാസങ്ങള്‍ എന്നിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടും എന്ന് അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നു. ഒരു ഇസ്ലാമിക രാജ്യത്ത്‌  അധ്യാപകനായ  എനിക്ക് പ്രപഞ്ച ഉല്പത്തിയെക്കുറിച്ചോ, പരിണാമത്തെക്കുറിച്ചോ എന്തിനു കൂടുതല്‍ പട്ടിയെക്കുറിച്ചോ പന്നിയെക്കുറിച്ചോ എന്‍റെ കുട്ടികളോട്  ചര്‍ച്ച ചെയ്യാന്‍ പാടില്ല.

ഇവിടെയാണ്‌ എന്‍റെ നാടിനെ, മതനിരപേക്ഷ ഇന്ത്യയെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നത്. പക്ഷേ എന്‍റെ ഈ അഭിമാനത്തിന് ഇനി എത്ര കാലം ആയുസ്സ്‌ ഉണ്ടാകും എന്ന ചോദ്യമാണ് മതവാദികളുടെയും  അവരെ പ്രകീര്‍ത്തിച്ചു പാടുന്ന ശ്രീ  കെ.പി.സുകുമാരന്‍റെയും  മുന്നില്‍  ഞാന്‍ ഉന്നയിച്ചത്‌. പത്ത്‌ പതിനഞ്ച് വര്‍ഷം പുറകോട്ടു നോക്കിയാല്‍ നമ്മുടെ കലാലയങ്ങളില്‍ SFI , KSU എന്നി സംഘടനകള്‍ക്കുമാത്രമേ വിദ്യാര്‍ത്ഥികളുടെ ഇടയില്‍  സ്വാധീനം ഉണ്ടായിരുന്നുള്ളൂ. ഇന്ന് ABVP, MSF, SSF, SIO , CAMPUS FRIEND  എന്നീ വര്‍ഗ്ഗീയ ഫാസിസ്റ്റ്‌ സംഘടനകള്‍ മുഖ്യധാരയിലേക്ക് വന്നു കഴിഞ്ഞു. പുതിയ തലമുറ വളരെ ചെറുപ്പത്തിലെ വര്‍ഗ്ഗീയതയ്ക്ക് അടിമപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ പോക്ക് എങ്ങോട്ട്? ഇവരുടെ മാതൃസംഘടനകള്‍ ഓണസദ്യയും ഇഫ്താര്‍ സദ്യയുമൊക്കെ നടത്തി കപടസാഹോദര്യം എഴുന്നെള്ളിക്കുന്നു. അതിനു ഓശാന പാടാന്‍ കുറെ പുരോഗമനത്തിന്‍റെ വേഷം കെട്ടിയ ബുജികളും. മാറാട്, ചത്തവനും കൊന്നവനും അവരുടെ കുടുംബങ്ങള്‍ക്കും ഇതുപോലെ പല സദ്യകളുടെയും കഥകള്‍ പറയാനുണ്ടാവും. പക്ഷേ വെട്ടാനിറങ്ങുബോള്‍ അതൊന്നും അവര്‍ ഓര്‍ത്തില്ല. പ്രശ്നങ്ങളെ ഉപരിപ്ലവമായി വിലയിരുത്തുകയും മൂല കാരണങ്ങളെ കാണാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹം ദ്വാരങ്ങളുള്ള കപ്പല്‍പോലെയാണ്